തൊടുപുഴ: വിവാദപ്രസംഗത്തിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയെ അന്വേഷണസംഘം ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴയില്‍ ഇന്നു
രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏതാണ്ട് അഞ്ച് മണിക്കൂര്‍ നീണ്ടു.
ചോദ്യം ചെയ്യലിനോട് താന്‍ പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനി എപ്പോള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാലും വന്നോളാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. സൗഹാര്‍ദ്ദപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രസംഗത്തിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു കൂടുതലും ചോദിച്ചതെന്നും മണി പറഞ്ഞു.
അതേ സമയം മണിയെ ചോദ്യം ചെയ്തതിലൂടെ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചെന്ന് ഐ.ജി പത്മകുമാര്‍ അറിയിച്ചു. ഇനി മണി പറഞ്ഞ കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി മണിയെ വീണ്ടും വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1983 മുതലുള്ള പലകാര്യങ്ങളും ചോദിച്ചിട്ടുണ്ടെന്നും മണിയുടെ മൊഴിയുടെ വസ്തുത അറിയാനായി മറ്റു സാക്ഷിമൊഴികളുമായും തെളിവുകളുമായും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണിയ്ക്കായി പോലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ മണി ഹാജരാകുമെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് പത്ത് മണിവരെ അന്വേഷണ സംഘം മണിക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. 9.56നാണ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.