തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്ന് റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
രഞ്ജിത്തില്‍ നിന്ന് കൈപ്പറ്റിയ തുക റജില്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേസിലെ മുഖ്യപ്രതിയായ ധര്‍മരാജനെ അറിയാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ഡ്രൈവറും സെക്രട്ടറിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. സെക്രട്ടറിയായ ദിപിനും ഡ്രൈവറായ ലിബീഷുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെ. സുരേന്ദ്രനുമായും ധര്‍മരാജന് അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ തമ്മില്‍ കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ഇരുവരും പറഞ്ഞു.
ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ സുരേഷ് ഗോപിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തൃശ്ശൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പദ്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.