തിരുവാണിയൂരിലെ പഴുക്കാമറ്റത്തുള്ള അനധികൃത ക്വാറി അടച്ചുപൂട്ടുന്നതിന് ഹൈക്കോടതിയില്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയ ഷിജുവിനെ സ്‌ഫോടക വസ്തു നിയമം ചുമത്തിയാണ് പോലീസ് ജയിലില്‍ അടച്ചത്. ആഗസ്റ്റ് അഞ്ചിന് അറസ്റ്റ് ചെയ്യപ്പെട്ട ഷിജു പതിനേഴിനാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കോലഞ്ചേരി പുത്തന്‍കുരിശ് പൊലീസാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്.
ക്വാറിയില്‍ അതിക്രമിച്ച് കയറി ജലാറ്റിന്‍ സ്റ്റിക്കുകളുടെ ഫ്യൂസ് തുറന്ന് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ അതിന് ശ്രമിച്ചിട്ടില്ലെന്നും ഷിജു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സജി.കെ. ഏലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിക്കെതിരെ ഹൈക്കോടതിയില്‍ ഷാജിയുടെ നേതൃത്വത്തില്‍ കേസ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 31 ന് പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാത്തക്വാറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. പിറ്റേന്ന് ബന്ധുവീട്ടില്‍ പോകാനായി ഇറങ്ങിയ ഷിജുവിനെ ക്വാറി തൊഴിലാളികള്‍ മര്‍ദ്ദിച്ചു കോലഞ്ചേരി പുത്തന്‍കുരിശ് പൊലീസിന് കൈമാറുകയായിരുന്നുവെന്ന് നേച്ചര്‍ ലവ്വേഴ്‌സ ഫോറം പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം തനിക്കെതിരെ സംഘടിത നീക്കമാണ് നടക്കുന്നതെന്ന് ഷിജു പറയുന്നു. താനും നേച്ചര്‍ലവേഴ്‌സ് ഫോറവും നടത്തുന്ന പോരാട്ടങ്ങള്‍ക്കിതിരെ പ്രദേശത്തെ ക്വാറിയുടമകളും പോലീസും തമ്മില്‍ അവിഹിത കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്. പോലീസിന്റെ മുന്നില്‍ വെച്ച് പോലും തനിക്കെതിരെ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും ഷാജി പറയുന്നു.
നിയമങ്ങളെല്ലാം തെറ്റിച്ചാണ് ഇവിടെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും. മുമ്പ് മണലെടുപ്പ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്നും ഷിജു പറഞ്ഞു.
1980 കളില്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവാങ്കുളത്തെ നേച്ചര്‍ ലവേഴ്‌സ് ഫോറം കേരളത്തിലെ നിരവധി പരിസ്ഥിതി സമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും നിയമ പോരാട്ടങ്ങളും നടത്തിവരുന്ന സംഘടനയാണ്. സമീപകാലത്തായി ക്വാറി ഉടമകള്‍ക്കെതിരെ ശക്തമായ നിയമ പോരാട്ടങ്ങള്‍ നടത്തിവരുന്ന ഈ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ മാഫിയകളുടെ നിരന്തര ഭീഷണം നിലനില്‍ക്കുന്നുണ്ട്.