| Thursday, 6th February 2020, 10:37 am

പൗരത്വനിയമ പ്രതിഷേധം: സമരക്കാര്‍ക്കെതിരെ വധശ്രമവും രാജ്യദ്രോഹക്കുറ്റവും ചുമത്തി യു.പി പൊലിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസംഗര്‍: പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തി യു.പി പൊലിസ്. അസംഗറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനടയില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്ത 19 പേര്‍ക്കെതിരെയാണ് പൊലിസ് വധശ്രമവും രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

അസംഗര്‍ പാര്‍ക്കിനടുത്ത് നടന്ന പ്രതിഷേധത്തിനെതിരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് തുടങ്ങിയതിനെ തുടര്‍ന്നാണ് കണ്ണീര്‍വാതകം ഉപയോഗിക്കേണ്ടി വന്നതെന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ സമാധാനപരമായ പ്രതിഷേധവുമായി നീങ്ങുന്നവര്‍ക്ക് നേരെ പൊലിസ് കല്ലെറിയുകയും ലാത്തിക്കൊണ്ട് അടിച്ചോടിക്കുകയായിരുന്നെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

ചൊവ്വാഴ്ച നാല് മണിയോടെ പാര്‍ക്കിന് സമീപം ഒന്നിച്ചുകൂടിയപ്പോഴേക്കും പൊലിസ് നാല് ഭാഗത്തുനിന്നും പാര്‍ക്ക് വളഞ്ഞിരിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ചുറ്റും നിന്നിരുന്ന പുരുഷന്മാാരെയും ആണ്‍കുട്ടികളെയും ലാത്തിക്കൊണ്ട് അടിക്കാന്‍ തുടങ്ങുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകള്‍ക്ക് നേരെ കല്ലെടുത്തെറിയുകയുമായിരുന്നെന്നും ഇവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പൊലിസില്‍ നിന്നും ഇനിയും പ്രതികാര നടപടികള്‍ ഉണ്ടാകുമോയെന്ന് ഭയത്താല്‍ ആരും പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

35 പേര്‍ക്കെതിരെയാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായിരുക്കുന്ന 19 പേരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ലാത്തിയും കല്ലുകളുമായാണ് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതെന്നും ഇവര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ജില്ലാ പൊലിസ് ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രതിഷേധക്കാര്‍ സര്‍ക്കാരിനും രാജ്യത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഏതുവിധേനെയും തങ്ങള്‍ സ്വാതന്ത്ര്യം നേടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഹിന്ദുമതത്തിനെതിരെ വിദ്വേഷപ്രസ്താവനകളും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇവര്‍ അധിക്ഷേപിച്ച് സംസാരിച്ചു.’ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

ബിലാരിയാഗഞ്ച് പൊലിസാണ് പ്രതിഷേധക്കാര്‍ക്കെതിരെ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ ചുമത്തിയിരക്കുന്നത്. രാജ്യദ്രോഹം(124-എ), കലാപമുണ്ടാക്കല്‍(147), വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍(153-എ), സമാധാനം തകര്‍ക്കുന്ന തരത്തില്‍ അധിക്ഷേപിക്കല്‍(504), വധശ്രമം(307), കുറ്റകരമായ ഗൂഢാലോചന(120-ബി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊതുമതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് പണവും ആഭരണങ്ങളും എടുത്തുകൊണ്ടുപോകുന്നതിന്റെയും വസ്തുക്കള്‍ നശിപ്പിക്കുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more