കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ക്കും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിര്‍ദേശം.
സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വകലാശാല ജീവനക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
വി.സിയും ജീവനക്കാരും സര്‍വകലാശാലയില്‍ എത്തുന്നതിനും പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹോസ്റ്റല്‍ താമസവുമായി ബന്ധപ്പെട്ട് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്.
ഹോസ്റ്റലിലെ അസൗകര്യം ഉന്നയിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുടിലുകള്‍ കെട്ടി സമരം നടത്തിയിരുന്നു. എന്നാല്‍ പ്രൊവൈസ് ചാന്‍സിലറുടെ പരാതിയെത്തുതര്‍ന്ന് പോലീസ് ഈ കുടിലുകള്‍ പെളിച്ചുമാറ്റിയിരുന്നു.
സര്‍വ്വകലാശാലയുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ സമരം നടത്തരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പ്രൊവൈസ് ചാന്‍സിലര്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നത്.
310 പേര്‍ക്കാണ് പുരുഷ ഹോസ്റ്റലില്‍ താമസ സൗകര്യമുള്ളത്. ഹോസ്റ്റല്‍ വാര്‍ഡന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം 295 പേര്‍ ഇവിടെ താമസിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 99 വിദ്യാര്‍ഥികളാണ് പ്രവേശനത്തിനായി കാത്തു നില്‍ക്കുന്നത്.
71 വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവരാണെന്നാണ് വാര്‍ഡന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് നല്‍കി കണക്കില്‍ പറയുന്നത്. അതായത് ഇത്രയും പേര്‍ അനധികൃത താമസക്കാരാണ്. ഗവേഷണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ചിലര്‍ ഹോസ്റ്റല്‍ കയ്യടക്കുന്നുവെന്ന ആക്ഷേപം നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചിരുന്നത്.