| Saturday, 24th March 2012, 9:49 am

ഹൈക്കോടതിയില്‍ 'കള്ളവാങ്മൂലം', പാലിയേക്കര ടോളിനു സര്‍ക്കാര്‍ സ്‌പോണ്‍സെര്‍ഡ് പോലീസ് സംരക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ഓ.ടി പാതയ്ക്കായി ടോള്‍ പിരിക്കുന്നതിന് പാലിയേക്കരയില്‍ സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം പച്ചക്കള്ളമാണെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ നിയമവിരുദ്ധമായി തുടങ്ങിയ ടോള്‍ പിരിവിനു ഹൈക്കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്വമേധയാ പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു എന്നും, പതിവിനു വ്യത്യസ്തമായി സര്‍ക്കാര്‍ ചെലവിലാണ് ഇവിടെ പോലീസ് സംരക്ഷണം നല്‍കുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ “ഡൂള്‍ ന്യൂസി”ന് ലഭിച്ചു. “പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ്.” എന്നാണു മറുപടിയില്‍ പറയുന്നത്. “ഏകജാലക കമ്പനി ടോള്‍ പിരിക്കുന്നതിന് പോലീസ് സംരക്ഷണം ലഭിക്കുന്നതിനു വേണ്ടി ഗവണ്‍മെന്റ് ട്രഷറിയില്‍ തുക അടച്ചിട്ടില്ല്” എന്നും രേഖയില്‍ പറയുന്നു.

ഹരിദാസ് ഇറവക്കാട് എന്ന സമരസമിതി പ്രവര്‍ത്തകന്  വിവരാവകാശനിയമ പ്രകാരം തൃശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് സര്‍ക്കാരിന്റെ “കള്ളവാങ്മൂലം” പൊളിയുന്നത്.

പോലീസ് സംരക്ഷണം ലഭിക്കണമെങ്കില്‍ പൗരന്മാര്‍ ട്രഷറിയില്‍ പണം ഒടുക്കേണ്ടതുണ്ട്. എന്നാല്‍ റോഡുപണി തീരും മുന്‍പേ അനധികൃതമായി ടോള്‍ പിരിക്കുന്ന സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ ചെലവിലാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. കള്ള സത്യവാങ്മൂലം നല്‍കി ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതിനു നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ പരാതിക്കാരനായ ജോയ് കൈതാരം അറിയിച്ചു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more