സി.എം.പി പിളര്‍പ്പ്: പാര്‍ട്ടി സ്ഥാപനങ്ങളില്‍ പോലീസ് കാവല്‍
Kerala
സി.എം.പി പിളര്‍പ്പ്: പാര്‍ട്ടി സ്ഥാപനങ്ങളില്‍ പോലീസ് കാവല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd March 2014, 5:09 pm

[share]

[] കണ്ണൂര്‍: യു.ഡി.എഫ് ഘടക കക്ഷിയായ സി.എം.പിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് കണ്ണൂരിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അതേ സമയം സി.എം.പിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് സി.പി.ജോണ്‍ വിഭാഗം പിടിച്ചെടുത്തു. തുടര്‍ന്ന് ഓഫീസ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റി. 43 അംഗ ജില്ലാ കമ്മിറ്റിയിലെ 35 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സി.പി.ജോണ്‍ വിഭാഗം അവകാശപ്പെട്ടത്. അതേസമയം ഓഫീസ് പിടിച്ചെടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെ.ആര്‍.അരവിന്ദാക്ഷന്‍ ആരോപിച്ചു.

കെ.ആര്‍ അരവിന്ദാക്ഷനൊപ്പം ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച എം.വി രാഘവന്റെ മകള്‍ ഗിരിജ വധ ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയാണ് ഗിരിജയെ ടെലിഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന് ഗിരിജ കഴിഞ്ഞ ദിവസം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു സ്ത്രീയാണ് തനിക്കെതിരേ ഭീഷണി മുഴക്കിയതെന്നും സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിക്കും സൈബര്‍ സെല്ലിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഗിരിജ പറഞ്ഞു.

പാര്‍ട്ടിയോട് വഞ്ചനാപരമായ സമീപനം സ്വീകരിയ്ക്കുന്നെന്ന് ആരോപിച്ച് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം ഇന്നലെ യു.ഡി.എഫ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അരവിന്ദാക്ഷന്‍ വിഭാഗം ഇടത്പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനും തൂരുമാനിച്ചിരുന്നു. അതിനിടെ അരവിന്ദാക്ഷന്റേത് യൂദാസിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള വഞ്ചനയെന്ന് സി.പി ജോണ്‍ ആരോപിച്ചിരുന്നു.

ഇതിനിടയില്‍  കണ്ണൂരിലെ ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.