| Thursday, 27th January 2022, 8:01 am

കൊടുമണ്ണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നു; പരാതിയുമായി എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കൊടുമണ്ണിലെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ പരാതിയുമായി എ.ഐ.വൈ.എഫ്. കേസില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി നല്‍കി.

ശനിയാഴ്ച ചേരുന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് എ.ഐ.വൈ.എഫിന്റെ തീരുമാനം.

സി.പി.ഐ.എം- സി.പി.ഐ തര്‍ക്കവും വെല്ലുവിളികളും രണ്ടാഴ്ചയായിട്ടും അവസാനിച്ചിട്ടില്ല. സ്ഥലത്ത് സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

കേസ് അന്വേഷിക്കുന്ന അടൂര്‍ ഡി.വൈ.എസ്.പിക്കെതിരെ എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃത്വം പരാതിയുമായി രംഗത്തെത്തിയിരുന്നു. സി.പി.ഐ ലോക്കല്‍ സെക്രട്ടറിയെ അടക്കം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സി.പി.ഐയുടെ ആരോപണം.

തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങളിലും വീടുകള്‍ ആക്രമിച്ച കേസിലും അന്വേഷണം നടക്കുകയാണെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം കൊടുമണ്‍ എസ്.എച്ച്.ഒയെ മര്‍ദ്ദിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ വച്ചാണ് സി.പി.ഐ.എം നേതാക്കളെ ആക്രമിച്ചത്. സി.പി.ഐ.എം കൊടുമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിനും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാറിനുമാണ് മര്‍ദ്ദനമേറ്റത്.

ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കൊടുമണ്‍ അങ്ങാടിക്കല്‍ മേഖലയില്‍ സി.പി.ഐ.എം- സി.പി.ഐ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു.

ഇതിനിടെയാണ് സി.പി.ഐ നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഡി.വൈ.എഫ്.ഐയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലുടെ പ്രചരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും.


Content Highlights: Police protect DYFI activists in Koduman; AIYF with complaint

We use cookies to give you the best possible experience. Learn more