ഭോപ്പാല്‍: ക്രൈസ്തവ സഭയ്ക്ക് കീഴിലുള്ള അനാഥാലയത്തില്‍ നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം മധ്യപ്രദേശ് ഹൈക്കോടതി തടഞ്ഞു.
ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പൊലീസുമെത്തിയത്. രജിസ്ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് പൊലീസുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
എന്നാല്‍ അനാഥാലയത്തിലെ കുട്ടികളടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോയപ്പോഴാണ് കോടതി കേസില്‍ ഇടപെടുന്നത്.
സാഗര്‍ എന്ന് പേരുള്ള രൂപതയ്ക്കു കീഴിലാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നത്. അനാഥാലയത്തിനെതിരെ നേരത്തെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ ബീഫ് വിളമ്പുന്നുണ്ടെന്നും കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് മാറ്റുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിരുന്നത്.
കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടര്‍ന്ന് ഒഴിപ്പിക്കല്‍ തടഞ്ഞുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചതോടെയാണ് ഇവര്‍ ഇവിടെ നിന്ന് പിരിഞ്ഞുപോകാന്‍ തയാറായത്.