കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകനെതിരെ അന്വേഷണം.
ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാതാവില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹിക്കെതിരെയാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അഭിഭാഷകരും ചേര്‍ന്നാണ് അന്വേഷണം നടത്തേണ്ട കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകനെതിരെ കൈക്കൂലി ഇടപാടില്‍ നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയടക്കം ചില അഭിഭാഷകര്‍ ആരോപണമുന്നയിച്ചിരുന്നു.
2022ലായിരുന്നു സിനിമാ നിര്‍മാതാവിനെതിരെ എറണാകുളം പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയിരുന്നു.
എന്നാല്‍ നിര്‍മാതാവിന് വേണ്ടി ഹാജരായ ഈ അഭിഭാഷകന്‍ ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ഇയാളില്‍ നിന്നും 25 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് ആരോപണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് ജഡ്ജിയുടെ ശ്രദ്ധയില്‍ പെട്ടതോടെ സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം വിജിലന്‍സ് രജിസ്ട്രാറോട് നിര്‍ദേശിച്ചിരുന്നു. രജിസ്ട്രാര്‍ വിഷയം പരിശോധിക്കുകയും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കുകയും പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി ഉത്തരവിടുകയായിരുന്നു.