| Wednesday, 15th January 2014, 3:16 pm

ജയിലിലെ ഫോണ്‍ വിളി: പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയാണെന്ന് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി.

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ഈ ഹരജിയിലാണ് കോടതി വിധി.

ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി അടക്കം ആറ് പേരെ അറസ്റ്റ് ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാനും ജയിലില്‍ ചോദ്യം ചെയ്യാനുമാണ് പോലീസ് അപേക്ഷിച്ചിരുന്നത്. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒമ്പതോളം ഫോണുകള്‍ കണ്ടെത്തിയിരുന്നു.

സ്മാര്‍ട്‌ഫോണ്‍ അടക്കമുള്ള ഫോണുകളാണ് കണ്ടെത്തിയത്. പ്രതികളായ കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും ജയിലിനകത്ത് വെച്ച് ഫേസ്ബുക്കിലും സജീവമായിരുന്നു.

We use cookies to give you the best possible experience. Learn more