പോസ്റ്റല്‍ വോട്ടിലെ തിരിമറി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
D' Election 2019
പോസ്റ്റല്‍ വോട്ടിലെ തിരിമറി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 10:42 pm

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇടപ്പെട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. ഐ.ആര്‍ ക്യാമ്പിലെ വൈശാഖിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. നേരത്തെ വൈശാഖിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാനുമായിരുന്നു നിര്‍ദ്ദേശം.

അതേസമയം സംഭവത്തിലെ പ്രധാനതെളിവായ വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിടുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീ പത്മനാഭ എന്ന ഗ്രൂപ്പാണ് നശിപ്പിച്ചത്.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനും മെയ് പതിനഞ്ചിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയും അന്വേഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പൊലീസുകാര്‍ ചെയ്ത പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ പൊലീസ് അസോസിയേഷന്റെ സ്വാധീനം ഉള്ളതായും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദത്തിലേക്ക് കൂപ്പുകുത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം പ്രചരിച്ചത്. പൊലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്.

വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. 58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.

തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍റ്റുകള്‍ വന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടുകയും സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കുകയാണ് ചെയ്യുക എന്നാണ് ആരോപണം.