| Tuesday, 21st July 2020, 1:23 pm

തലസ്ഥാനത്തടക്കം വിവിധയിടങ്ങളില്‍ പൊലീസുകാര്‍ക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ഓഫീസ് തുറക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് എയര്‍പോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പൊലീസുകാരന്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

കൊല്ലത്ത് ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്.

കൊച്ചിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് ബസ് കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ എക്‌സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചേരാനെല്ലൂരില്‍ എന്‍.ഡിപി.എസ് കേസ് പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഉദ്യോഗസ്ഥന്‍ പോയിരുന്നു. പിന്നീട് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.ഐ ക്വാറന്റീനില്‍ പോയിരുന്നു. ശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

സി.ഐക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓഫീസിലെ 15 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. സി.ഐയുടെ കുടുംബവും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്ത് ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടയ്ക്കുകയും നിലമേല്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിപ്രഖ്യാപിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more