ലഖ്‌നൗ: നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബഹ്‌റിച്ച് വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതികളില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റമുട്ടലിലാണ് വെടിയേറ്റിരിക്കുന്നത്. വെടിയേറ്റ പ്രതികളില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് യു.പി. പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസില്‍ അഞ്ച് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഇവരില്‍ രണ്ടുപേര്‍ക്കാണ് വെടിയേറ്റതെന്നും പൊലീസ് പറയുന്നു. സര്‍ഫറാസ്, താലിബ് എന്നിവര്‍ക്കാണ് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.
കലാപത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനായാണ് പൊലീസ് പ്രതികളുടെ കേന്ദ്രങ്ങളിലെത്തിയത്. ഈ സമയത്ത് പ്രതികള്‍ പൊലീസിന് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. സ്വയരക്ഷക്കായാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നും ഈ സമയത്താണ് രണ്ട് പ്രതികള്‍ക്ക് വെടിയേറ്റതെന്നും ബഹ്‌റിച്ച് പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു.
നേപ്പാളിലേക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. വെടിയേറ്റ പ്രതികള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും കലാപത്തില്‍ പങ്കെടുത്ത മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും വൃന്ദശുക്ല പറഞ്ഞു.
അതേസമയം പ്രതികള്‍ക്ക് നേരെയുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായി യു.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സഞ്ജയ് റായ് പറഞ്ഞു. ബഹ്‌റിച്ചില്‍ സംഘര്‍ഷമുണ്ടായ അന്നുമുതല്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുകയാണെന്നും സംഘര്‍ഷം നേരിടുന്നതിലുള്ള സര്‍ക്കാറിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് യു.പിയിലെ അതിര്‍ത്ഥി പ്രദേശമായ ബഹ്‌റിച്ചില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്. ദുര്‍ഗാപൂജ നിമഞ്ജന ഘോഷയാത്രക്കിടെ ആരാധനാലയത്തില്‍ നിന്ന് ഉച്ചത്തില്‍ ഗാനം മുഴക്കിയെന്നതിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ രാംഗോപാല്‍ മിശ്ര വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രദേശത്ത് കടകള്‍ക്കും വീടുകള്‍ക്കും തീവെക്കല്‍ ഉള്‍പ്പടെയുണ്ടായത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
content highlights: police-opened-fire-on-accused-in-bahrich-riots-congress-accused-of-fake-encounter