| Saturday, 16th May 2020, 5:14 pm

വയനാട്ടില്‍ നിരീക്ഷണത്തിലുള്ളത് 130 പൊലീസുകാര്‍; രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുടെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതലും പൊലീസുകാര്‍; റീടെസ്റ്റ് നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വയനാട്ടില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 130 പൊലീസുകാരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ റീടെസ്റ്റ് ചെയ്യും. മാനന്തവാടി സ്റ്റേഷന്‍ ചാര്‍ജ് വെള്ളമുണ്ട എസ്.എച്ച്.ഒയ്ക്കും ബത്തേരി സ്റ്റേഷന്‍ ചാര്‍ജ് നൂല്‍പുഴ എസ്.എച്ച്.ഒയ്ക്കും നല്‍കി.

ജില്ലയില്‍ രോഗ ബാധിതര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നുണ്ടോ എന്നറിയാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും.

അതേസമയം, ജില്ലയില്‍ ജോലിക്കിടെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പൊലീസുകാരില്‍ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇവരില്‍ ഒരാള്‍ 73 സ്ഥലങ്ങളിലും മറ്റൊരാള്‍ 52 സ്ഥലങ്ങളിലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇതില്‍ ഭൂരിഭാഗവും പൊലീസുകാര്‍ തന്നെയാണ്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ക്ക് നിരവധിപ്പേരുമായി സമ്പര്‍ക്കമുണ്ടായെന്നാണ് വിവരം. പനവല്ലിയില്‍ ഉണ്ടായിരുന്നയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് അറുപതോളം ആളുകളുമായാണ്. ഇതോടെ വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണമായും അടക്കുകയും മാനന്തവാടിയില്‍ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തു.

ബത്തേരിയിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കൂടുതല്‍ പഞ്ചായത്തുകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചിരിത്തുന്നത്.

ജില്ലയില്‍ 2030 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 20 പേര്‍ ചികിത്സയിലുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more