തിരുവനന്തപുരം: പ്രളയക്കെടുതി പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സഹായം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.
ഓരോ പൊലീസ് സ്റ്റേഷനിലുമുള്ള 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും , ശുചീകരണം, മെഡിക്കല്‍ ക്യാംപുകളുടെ നടത്തിപ്പ്, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചു.
സേനയില്‍ പുതുതായി നിയമിച്ചവര്‍ ഉള്‍പ്പെടെ ബറ്റാലിയനില്‍ നിന്നുള്ള ക്രമസമാധാന ചുമതല ഇല്ലാത്തവരെയും ഇതിനായി നിയോഗിക്കാം. പ്രത്യേക വാര്‍ഡോ പ്രദേശമോ കേന്ദ്രീകരിച്ചായിരിക്കണം ഇവരുടെ പ്രവര്‍ത്തനം- ഡി.ജി.പി പറഞ്ഞു.
പുറത്തുനിന്ന് ക്യാംപിലേക്കുള്ള വിവിധ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ബന്ധപ്പെട്ട ചാര്‍ജ് ഓഫിസര്‍ വഴി നല്‍കണം. ക്യാംപിനുള്ളിലെ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചുമതലയുള്ള ഓഫിസര്‍മാരുടെ നേതൃത്വത്തിലാവണമെന്നും അദ്ദേഹം പറഞ്ഞു.
അന്തേവാസികളുടെ സ്വകാര്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപിനുള്ളിലും പുറത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കണം.
അതേസമയം സംസ്ഥാനത്ത് ദുരിത ബാധിതര്‍ താമസിക്കുന്ന ക്യാംപുകളില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. എല്ലാ ക്യാംപുകളിലും ആവശ്യത്തിനു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.
ക്യാംപില്‍ അംഗങ്ങളല്ലാത്തവരെ അനുവാദമില്ലാതെ പ്രവേശിപ്പിക്കുകയില്ലെന്നും ക്യാംപുകളിലും പരിസരപ്രദേശങ്ങളും പട്രോളിങ് നടത്തണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.