| Thursday, 16th May 2024, 7:53 am

ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ചിന്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സേനക്ക് അപമാനം: പി. സതീദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പങ്കാളിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ചിന്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനക്ക് തന്നെ അപമാനമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. കോഴിക്കോട് പന്തീരങ്കാവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമര്‍ദനത്തിനിരയായ യുവതിയുടെ പരാതി ഗൗരവത്തിലെടുക്കാതിരുന്ന പന്തീരങ്കാവ് പൊലീസിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു പി. സതീദേവി.

ഈ കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നും മര്‍ദനമേറ്റ യുവതിക്ക് വനിതകമ്മീഷന്റെ എല്ലാ പിന്തുണയുമുണ്ടെന്നും അവര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ യുവതിയെ സന്ദര്‍ശിക്കുമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

മര്‍ദനത്തിനിരയായ പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു എന്നും ധാര്‍മികവും നിയമപരവുമായ എല്ലാ പിന്തുണയും സംസ്ഥാന വനിത കമ്മീഷന്റെ ഭാഗത്ത് നിന്ന് പെണ്‍കുട്ടിക്ക് ലഭിക്കുമെന്നും പി.സതീദേവി പറഞ്ഞു. പെണ്‍കുട്ടി ക്രൂരമായ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പാരിതോഷികമെന്ന പേരില്‍ നല്‍കി വരുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുത്തിയിട്ടില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നിയമഭേതഗതികള്‍ വരുത്തണമെന്നും പി. സതീദേവി പറയുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി. സതീദേവി പറഞ്ഞു.

മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിനിയായ യുവതി കോഴിക്കോട് പന്തീരങ്കാവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ക്രൂരമര്‍ദനത്തിനിരയായത്. തുടര്‍ന്ന് യുവതിയും കുടുംബവും പന്തീരങ്കാവ് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി ഗൗരവമായെടുത്തില്ല. മാത്രവുമല്ല നിസാര കുറ്റങ്ങള്‍ ചുമത്തുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന വനിത കമ്മീഷനും പരാതി നല്‍കിയത്. ഇതിന് പിന്നാലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പന്തീരങ്കാവ് എസ്.എച്ച്.ഒയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

content highlights: Police officers who think that husbands have the right to inflict physical violence are a disgrace to the force: P. Satheedevi

Latest Stories

We use cookies to give you the best possible experience. Learn more