സമ്പത്ത് കസ്റ്റഡി മരണം: ആരോപണ വിധേയരായ പോലീസുകാരെ തിരിച്ചെടുത്തു
Kerala
സമ്പത്ത് കസ്റ്റഡി മരണം: ആരോപണ വിധേയരായ പോലീസുകാരെ തിരിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2012, 8:14 am

പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ ആരോപണവിധേയരായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. രണ്ടുവര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഒമ്പത് പോലീസുകാരെയാണ്  തിരിച്ചെടുക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കസ്റ്റഡിമരണക്കേസില്‍ ആരോപണവിധേയരായ എസ്.ഐ. പി.വി.രമേഷ്, എസ്.ഐ. ടി.എന്‍. ഉണ്ണികൃഷ്ണന്‍,  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.എച്ച് മാധവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ റഷീദ്, പി. ഷില്ലന്‍, എ.പി ശ്യാമപ്രസാദ്, ടി.ജെ ബ്രിജിത്ത്, ജോണ്‍സണ്‍ ലോബോ എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

ജൂണ്‍ നാലിനാണ് ഒമ്പതുപേരെയും തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ചൊവ്വാഴ്ച ഡി.ജി.പി ജേക്കബ് പുന്നൂസ് തൃശൂര്‍ റെയ്ഞ്ച് ഐജി ഗോപിനാഥിന് ഇതുസംബന്ധിച്ച്  നിര്‍ദ്ദേശം നല്‍കി. തിരിച്ചുകയറാനുള്ള ഉത്തരവ് കൈപ്പറ്റിയശേഷം മലപ്പുറം എസ്.പി.ക്കുമുന്നില്‍ പോലീസുകാര്‍ ഹാജരാകണമെന്നാണ് ഐ.ജി.യുടെ  നിര്‍ദ്ദേശം. ഇവരുടെ നിയമനം ഏത് സ്‌റ്റേഷനിലാവണമെന്നത് പിന്നീട് തീരുമാനിക്കും.

കസ്റ്റഡിമരണം നടക്കുന്ന സമയത്ത് ടൗണ്‍ നോര്‍ത്ത്, ടൗണ്‍ സൗത്ത് സ്‌റ്റേഷനുകളിലെ എസ്.ഐ.മാരായിരുന്നു രമേഷും ഉണ്ണികൃഷ്ണനും. കേസില്‍ ഒന്നാംമന്ത്രിയാണ് പി.വി രമേഷ്. എസ്.ഐ ടി.എന്‍ ഉണ്ണികൃഷ്ണനാണ് രണ്ടാം പ്രതി.

ഇതോടെ, സമ്പത്ത്കസ്റ്റഡിമരണക്കേസിലെ മുഴുവന്‍ പോലീസുകാരും സര്‍വീസില്‍ തിരിച്ചുകയറി. കേസില്‍ ഉള്‍പ്പെട്ട ഡി.വൈ.എസ്.പി സി.ആര്‍ രാമചന്ദ്രന്‍, സി.ഐ വിപിന്‍ദാസ് എന്നിവരെ 2011 ഒക്ടോബറില്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.

സമ്പത്ത് വധക്കേസിനെത്തുടര്‍ന്ന് രണ്ടരവര്‍ഷത്തോളമായി പോലീസുകാര്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ ആഭ്യന്തരമന്ത്രിയോട് നിരവധിവട്ടം ആവശ്യപ്പെട്ടിരുന്നു. തിരൂരില്‍ നടന്ന കെ.പി.എ. സംസ്ഥാനസമ്മേളനത്തില്‍ ഇക്കാര്യമുന്നയിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനവും നല്‍കിയിരുന്നു.

2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസ്‌കസ്റ്റഡിയിലിരിക്കെ 2010 മാര്‍ച്ച് 30നാണ് മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 63 പരിക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് കേസന്വേഷണം ഊര്‍ജിതമായി. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.