തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ അന്വേഷണം.
സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം.
ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഇവര്‍ എവിടെ വെച്ചാണ്, ഏത് സാഹചര്യത്തിലാണ് സെല്‍ഫിയെടുത്തതെന്നാണ് അന്വേഷിക്കുന്നത്. വാര്‍ഡിനുള്ളില്‍ വെച്ചാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമായി കണക്കാക്കി പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെല്‍ഫിയും പുറത്ത് വന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചിലവിട്ടത്.
ഈ സമയത്ത് ചില നഴ്‌സുമാരുടേ ഫോണ്‍ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക