ലഖ്‌നൗ: സ്വന്തം മണ്ഡലത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വാക്കിന് വില നല്‍കുന്നില്ലെന്നും താന്‍ നല്‍കുന്ന പല പരാതികളും അവഗണിക്കുകയാണെന്നും യു.പിയിലെ ദളിത് ബി.ജെ.പി എം.എല്‍.എ.
ബഹ്‌ല മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ അക്ച്യാവര്‍ ലാല്‍ ഗോണ്ട് ആണ് പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ തനിക്ക് സാധാരണക്കാരനെപ്പോലെ ക്യൂ നില്‍ക്കേണ്ടി വന്നെന്ന പരാതിയുമായി രംഗത്തെത്തിയത്.
“പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ പരിഹസിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള എന്റെ പരാതി അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. സ്വന്തം മണ്ഡലത്തില്‍ നിയമവിരുദ്ധമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല” എം.എല്‍.എ പറയുന്നു.
‘കണ്ണീരില്‍ പരിഹാസം’; എച്ച്.ഡി കുമാരസ്വാമിക്ക് നിപ്പിളും ഗ്രെയ്പ് വാട്ടറും അയച്ചുകൊടുത്ത് ബി.ജെ.പി
സാധാരണക്കാര്‍ക്കൊപ്പം താങ്കള്‍ ക്യൂവില്‍ നില്‍ക്കുന്നത് അവരെ അത്ഭുതപ്പെടുത്തില്ലേയെന്നും അകത്ത് കയറിയിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടില്ലേയെന്നുമുള്ള ചോദ്യത്തിന് ഒരു സാധാരണക്കാരനായി തന്നെ താന്‍ പരാതി നല്‍കുമെന്നും പൊലീസുകാര്‍ തന്റെ പരാതി സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഇദ്ദേഹം പറയുന്നു.
എന്തെങ്കിലും വിഷയത്തില്‍ പരാതി ബോധിപ്പിക്കാനായി പാര്‍ട്ടി അംഗങ്ങളുടെ കയ്യിലോ പ്രവര്‍ത്തകരുടെ കയ്യിലോ കത്ത് കൊടുത്തുവിട്ടാല്‍ തന്നെ അറിയില്ലെന്നാണ് സ്വന്തം മണ്ഡലത്തിലെ പൊലീസുകാര്‍ അവരോട് പറയാറുള്ളതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ മണ്ഡലത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള വീടോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഇതെല്ലാം കാണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ടെന്നും എം.എല്‍.എ പറയുന്നു.
വിഷയത്തെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ എം.എല്‍.എ ഉന്നയിച്ച വിഷയം ഗുരുതരമാണെന്നും അന്വേഷണം നടത്തുമെന്നുമായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് മാള ശ്രീവാസ്തവ പ്രതികരിച്ചത്.