ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി നിര്‍ദേശിച്ചു; തനിക്കെതിരെ വധശ്രമമുണ്ടായെന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
Fasal Murder case
ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി നിര്‍ദേശിച്ചു; തനിക്കെതിരെ വധശ്രമമുണ്ടായെന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 11, 04:57 am
Friday, 11th May 2018, 10:27 am

 

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 2006ല്‍ ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

അന്വേഷണം ഏറ്റെടുത്തതിന്റെ പത്താംദിവസം രാവിലെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട്‌ അന്വേഷണം അവസാനിപ്പിക്കാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്നും അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുന്നു എന്ന ഘട്ടത്തിലാണ് കോടിയേരി ഇടപെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോടിയേരി വിളിക്കുന്നതിന്റെ തലേദിവസം രണ്ടു പ്രധാന സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. സി.പി.ഐ.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് അവരില്‍ നിന്നും വിവരം ലഭിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിക്കവേയാണ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.


Also Read:‘മോദി ഭഗത് സിങ്ങിന് ജയിലില്‍ പൊതിച്ചോറ് എത്തിച്ചുകൊടുത്തിരുന്നുവെന്നത് എത്രപേര്‍ക്കറിയാം!’ കള്ളംപറഞ്ഞ മോദിയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ


പഞ്ചാരശീലന്‍, അഡ്വ. വത്സരാജന്‍ എന്നീ സാക്ഷികളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കോടിയേരി ഇടപെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഈ കേസ് അന്വേഷിച്ചതിന്റെ പേരില്‍ തനിക്കെതിരെ വധശ്രമമുണ്ടായെന്നും രാധാകൃഷ്ണന്‍ ആരോപിക്കുന്നു. കണ്ണൂരിലെ ഒരു വീട്ടില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് നട്ടെല്ലിനു പരുക്കേറ്റ തനിക്ക് ഒന്നരവര്‍ഷത്തെ ചികിത്സയ്ക്കുശേഷമാണ് എഴുന്നേറ്റ് നടക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള അനാശാസ്യക്കേസ് കള്ളക്കേസാണെന്നും അദ്ദേഹം പറഞ്ഞു.