Kerala News
'ശിഖണ്ഡികളെ വെച്ച് സമരം ചെയ്യുന്നു, കോണ്‍ഗ്രസുകാരുടെ വീട്ടില്‍ പെണ്ണുങ്ങളില്ലേ'; വിദ്വേഷ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 13, 06:23 pm
Monday, 13th February 2023, 11:53 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു. പ്രവര്‍ത്തകക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍. കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥനായ അപ്പു പി.സി. എന്ന ഉദ്യോഗസ്ഥനാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തക്ക് താഴെ ഫേസ്ബുക്കില്‍ അധിക്ഷേപകരമായ കമന്റ് ചെയ്തത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമാണ് ഇയാള്‍ ചെയ്ത കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ച് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടത്.

മിവ ജോളി എന്ന എറണാകുളത്തെ കെ.എസ്.യു വനിതാ നേതാവിനെക്കുറിച്ചുള്ള വാര്‍ത്തക്ക് താഴെ ‘ശിഖണ്ഡികളെ വെച്ച് സമരം ചെയ്യുന്നു, കോണ്‍ഗ്രസുകാരുടെ വീട്ടില്‍ പെണ്ണുങ്ങളില്ലേ’; എന്നാണ് അപ്പു പി.സി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കമന്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടും വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മിവ ജോളിക്കെതിരെ നടന്ന സൈബര്‍ അറ്റാക്കില്‍ സാംസ്‌കാരിക മേഖലയിലെ ആരും പ്രതികരിച്ചില്ലെന്നും ബല്‍റാം ആരോപിച്ചു.

‘മിവ ജോളിയെ അവര്‍ ധരിച്ച വസ്ത്രത്തിന്റേയും അവരുടെ ഹെയര്‍ സ്‌റ്റൈലിന്റേയും പേരില്‍ ഇന്നലെ മുതല്‍ വ്യാപകമായ ബോഡി ഷെയ്മിങും സൈബര്‍ അറ്റാക്കുമാണ് സി.പി.ഐ.എം പ്രൊഫൈലുകളില്‍ നിന്ന് ആസൂത്രിതമായി നടന്നുവരുന്നത്.

സ്ത്രീകളുടെ സംരക്ഷകരെന്ന് നടിച്ച് ലോകത്തുള്ള മുഴുവനാളുകളേയും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് വെച്ച് ഓഡിറ്റ് ചെയ്യുന്ന ബുദ്ധിജീവികളും ഫെമിനിസ്റ്റുകളുമൊന്നും ഈ ആസൂത്രിത വേട്ടയാടല്‍ കാണുന്നതേയില്ല.

വയറ്റിപ്പിഴപ്പിന് വേണ്ടി സി.പി.ഐ.എമ്മിനും അതിന്റെ പരമോന്നത നേതാവിനും സ്തുതിഗീതം ചമയ്ക്കുക എന്നതല്ലാതെ അവരില്‍ നിന്നൊന്നും ഒന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് പരാതിയില്ല. എന്നാല്‍ ഈ സ്‌ക്രീന്‍ ഷോട്ടില്‍ കാണിച്ചിരിക്കുന്ന അധിക്ഷേപം സീരിയസ് ആണ്. കാരണം ഒരു യുവ പൊതുപ്രവര്‍ത്തകയെ ഈ നിലയില്‍ പൊതു പ്ലാറ്റ്‌ഫോമില്‍ അപമാനിച്ചിരിക്കുന്നത് കാക്കിയിട്ട ഒരു ഉദ്യോഗസ്ഥനാണ്,’ ബല്‍റാം പറഞ്ഞു.