ആ കുഞ്ഞു ആത്മാവിന് നീതി കിട്ടിയതില്‍ സന്തോഷം; കത്വ കേസിന് നേതൃത്വം നല്‍കിയ പൊലീസുദ്യോഗസ്ഥന്‍ പറയുന്നു
Kathua gangrape-murder case
ആ കുഞ്ഞു ആത്മാവിന് നീതി കിട്ടിയതില്‍ സന്തോഷം; കത്വ കേസിന് നേതൃത്വം നല്‍കിയ പൊലീസുദ്യോഗസ്ഥന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 6:43 pm

ശ്രീനഗര്‍: കത്വ കേസിന്റെ അന്തിമ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ജമ്മു കശ്മീര്‍ പൊലീസുദ്യോഗസ്ഥന്‍ രമേശ് കുമാര്‍ ജല്ല.

‘ആ കുഞ്ഞ് ആത്മാവിന് നീതി കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്’- കേസിലെ ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധി പുറത്തു വന്നതിന് പിന്നാലെ രമേശ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു.

കത്വ കേസിന് പിന്നാലെ ജമ്മു കശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാറിനിടയില്‍ കത്വ അന്വേഷണവുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടികളില്‍ നിന്നും അന്വേഷണ സമയത്ത് തനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് രമേശ് പറയുന്നു.

ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന രമേശ് കഴിഞ്ഞ മാസം സര്‍വീസില്‍ നിന്നും രാജി വെച്ചിരുന്നു. കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ മജിസ്‌ട്രേറ്റിന് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നത് അഭിഭാഷകര്‍ തടഞ്ഞിരുന്നു.

ഇതിന് പിന്നാലെ കേസ് സംസ്ഥാനത്തിന് പുറത്തുള്ള കോടതിയില്‍ പരിഗണിക്കണമെന്ന് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും, പഞ്ചാബിലെ പത്താന്‍ കോട്ടിലേക്ക് കേസ് മാറ്റുകയും ചെയ്യുകയായിരുന്നു.

നേതൃത്വനിരയില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും ബി.ജെ.പി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെന്ന് അവകാശപ്പെട്ട് ചിലര്‍ കേസില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നതായി രമേശ് സമ്മതിക്കുന്നുണ്ട്.

പ്രതികളിലൊരാളായ സാഞ്ചി റാം, പൊലീസിന് കൈക്കൂലി നല്‍കി ആക്രമണത്തിനിരയായ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി തെളിവുകള്‍ നശിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ജനുവരി 23നാണ് കേസ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നത്.

കത്വ കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ഇന്ന് കോടതി വിധിച്ചിരുന്നു. മറ്റു മൂന്ന് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവിനും കോടതി ഉത്തരവിട്ടിരുന്നു.

പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്കാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്.

2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.