| Sunday, 2nd October 2022, 7:22 pm

കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തു.

ഐ.ജി സ്പര്‍ജന്‍ കുമാറാണ് കോടിയേരിയെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനുമാണ് ഉറൂബ്. ഇയാള്‍ക്കെതിരെ സി.പി.ഐ.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എല്‍.വി.എച്ച്.എസ് പി.ടി.എ 2021-22 എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ കോടിയേരി ബാലകൃഷ്ണനെ ‘കൊലയാളി’ എന്ന് അധിക്ഷേപിച്ച് കുറിപ്പിട്ടത്.

അതേസമയം, ഉറൂബിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സി.പി.ഐ.എം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരെ പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു കോടിയേരിയുടെ നിര്യാണം. തലശേരി ടൗണ്‍ ഹാളിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃദദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പയ്യാമ്പലം കടപ്പുറത്ത് വെച്ച് സംസ്‌കാരം. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും.

Content Highlight: Police Officer Who Abused Kodiyeri Balakrishnan in Social media Suspended

Latest Stories

We use cookies to give you the best possible experience. Learn more