കായംകുളം: മാവേലിക്കരയില്‍ വള്ളിക്കുന്നത്ത് സ്റ്റേഷനിലെ വനിതാ പൊലീസുകാരി സൗമ്യ പുഷ്‌ക്കരനെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്യലായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അജാസിന്റെ വെളിപ്പെടുത്തല്‍.
ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മൊഴിയിലുണ്ട്.
വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ വൈര്യാഗ്യത്തില്‍ അജാസ് സൗമ്യ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജാസുമായി സൗമ്യക്ക് പണമിടപാട് ഉണ്ടായിരുന്നു. ഈ പണം തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞിരുന്നു.
ഇവരുടെ ഫോണ്‍കോളുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൗമ്യയെ അജാസ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകന്‍ പറഞ്ഞത്.
സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനു 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.