ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ദല്‍ഹി കോടതി. 2020ലെ കലാപക്കേസില്‍ പ്രതിയായ നൂര്‍ മുഹമ്മദിനെ വെറുതെ വിടുമ്പോഴാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്.
പൊലീസ് സാക്ഷിയുടെ മൊഴി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കര്‍കര്‍ദൂമ കോടതിയിലെ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശിരിഷ് അഗര്‍വാളിന്റെ വിമര്‍ശനം. സാക്ഷിയുടെ മൊഴി വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
‘അദ്ദേഹത്തിന്റെ മൊഴി തെറ്റായി തയ്യാറാക്കിയതും വൈകി കൂട്ടിച്ചേര്‍ത്തതാണെന്നും മനസിലായി. പ്രതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന സാക്ഷിയായി പരാതിക്കാരനെ സ്റ്റേറ്റ് തെറ്റായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നൂര്‍ മുഹമ്മദ് കുറ്റം ചെയ്തുവെന്ന പ്രോസിക്യൂഷന്റെ കേസും തെറ്റാണ്,’ കോടതി പറഞ്ഞു.
തുടര്‍ന്ന് കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളില്‍ നിന്ന് നൂര്‍ മുഹമ്മദിനെ കോടതി വെറുതെ വിടുകയായിരുന്നു.
കലാപത്തിലെ സാക്ഷിയായ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ നൂര്‍ മുഹമ്മദിനെ തിരിച്ചറിഞ്ഞതിനെയും കോടതി ചോദ്യം ചെയ്തു.
‘കലാപവും ആക്രമണങ്ങളും നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തെ തടയേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നുവെന്നത് പ്രയാസമുള്ള കാര്യമാണ്. വെറുതെ നോക്കിനിന്നതിന് ഈ സാക്ഷി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. അത് ആവശ്യമാണെന്ന് പോലും അദ്ദേഹത്തിന് തോന്നിയില്ല,’ കോടതി നിരീക്ഷിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി.
പ്രോസിക്യൂഷന്‍ കേസായിരുന്നു നൂര്‍ മുഹമ്മദിനെതിരെ ഉണ്ടായത്. കലാപ സമയത്ത് കട നശിപ്പിച്ചുവെന്ന കുറ്റമാണ് നൂര്‍ മുഹമ്മദിനെതിരെ ചുമത്തിയത്. കജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ വന്ന് കടയുടമ നൂര്‍ മുഹമ്മദിനെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
ആ സമയത്ത് മറ്റൊരു കേസില്‍ നൂര്‍ മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. പരാതിക്കാരന്റെ മൊഴി 2020 ഏപ്രില്‍ 02ന് രേഖപ്പെടുത്തുകയും അതേ ദിവസം തന്നെ നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ വിചാരണക്കിടെ നൂര്‍ മുഹമ്മദിനെ കുറ്റവാളിയാണെന്ന് തിരിച്ചറിയാന്‍ പരാതിക്കാരന് സാധിച്ചില്ല.
എന്നാല്‍ താന്‍ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നും ജനക്കൂട്ടത്തിലെ ചിലരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. എന്നാല്‍ ഈ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
‘തന്റെ മേഖലയില്‍ ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ ഒരു പൊലീസുകാരന്‍ നോക്കി നിന്നുവെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ കാര്യം അദ്ദേഹം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യുകയോ ഇതിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പൊലീസുകാരെ അറിയിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അതിലെ ആരെയും അറസ്റ്റ് ചെയ്യാനും അദ്ദേഹം ശ്രമിച്ചില്ല. ചോദ്യം ചെയ്യുന്ന വേളയില്‍ താന്‍ ആള്‍ക്കൂട്ടത്തെ തടയാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു എന്ന് പറയുന്നു. എന്നാല്‍ അദ്ദേഹം കലാപം നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടില്ല,’ കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യം നടന്ന സമയത്ത് ഹെഡ് കോണ്‍സ്റ്റബിളിന് തന്റെ ഡ്യൂട്ടി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നീട് അത് അറിയിക്കാമായിരുന്നെന്നും ജഡ്ജി കൂട്ടിച്ചേര്‍ച്ചു.
തുടര്‍ന്നാണ് കോടതി നൂര്‍ മുഹമ്മദിനെ വെറുതെ വിടുന്നത്. കേവലം സാധ്യതകളുടെയോ അനുമാനങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും, സംശയം എത്ര ഗുരുതരമായാലും തെളിവ് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
content highlights: Police officer’s statement in Delhi riots case false; Court with criticism