| Wednesday, 3rd December 2014, 1:00 pm

നാദാപുരം പീഡനം: അന്വേഷണ രേഖകള്‍ പ്രതികള്‍ക്കുവേണ്ടി പോലീസുകാരന്‍ ചോര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലരവയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണ രേഖകള്‍ സംഘത്തിലെ പോലീസുകാരന്‍ ചോര്‍ത്തിയതായി ആരോപണം. നാദാപുരം സര്‍ക്കിള്‍ ഓഫിസിലെ പോലീസുകാരനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇയാള്‍ രേഖകള്‍ ചോര്‍ത്തി താമരശേരി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ. എബ്രഹാമിന് എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. സുന്നി ബന്ധമുള്ളയാളാണ് രേഖകള്‍ ചോര്‍ത്തിയതിന് പിന്നില്‍. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നാദാപുരം പൊലീസ് ശുപാര്‍ശ നല്‍കി.

ഈ രേഖകള്‍ ഹാജരാക്കിയാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ജെയ്‌സണ്‍ കെ. എബ്രഹാം തെറ്റിദ്ധരിപ്പിച്ചത്. മുനീര്‍തന്നെയാണ് പ്രതിയെന്നാണ് ജെയ്‌സണ്‍ ഉന്നതകേന്ദ്രങ്ങളെ ധരിപ്പിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതുമുതല്‍ കണ്ടെത്തിയ രേഖകള്‍, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വീഡിയോ സിഡി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ ചോര്‍ത്തി വാട്‌സ് ആപ്പ് വഴിയാണ് കൈമാറിയത്.

നേരത്തെ പ്രതികളെ രക്ഷിക്കാന്‍ വ്യാജപ്രതിയായി ഹാജരാക്കിയ സ്‌കൂള്‍ ബസ് ക്ലീനര്‍ മുനീറിനെ മര്‍ദിച്ച് വീഡിയോയില്‍ പകര്‍ത്തിയ “കുറ്റസമ്മതമൊഴി”യും മൊഴിയടങ്ങിയ സിഡിയുടെ പകര്‍പ്പും ചോര്‍ത്തിയതില്‍പ്പെടുന്നു. മുനീറിന്റെ “കുറ്റസമ്മതമൊഴി” സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ പോലീസുകാരനാണെന്ന് ആരോപണമുയരുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മറ്റു ഫയലുകള്‍ക്കിടയില്‍ വച്ചാണ് പാറക്കടവ് പീഡനത്തിന്റെ രേഖകള്‍ പുറത്തുകൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ രേഖകള്‍ താമരശേരി ഡി.വൈ.എസ്.പി താമസിച്ച വടകരയിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

ജെയ്‌സണ്‍ കെ. എബ്രഹാം നാദാപുരത്തെത്തിയതിന് ശേഷമാണ് വിവരം ചോര്‍ത്തിയ പോലീസുകാരനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more