| Saturday, 16th November 2019, 1:09 pm

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജു (32)വാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന ഇന്ന് സന്നിധാനത്ത് പൊലീസ് ഡ്യൂട്ടിയില്‍ എത്തിയതായിരുന്നു ബിജു. ഇദ്ദേഹം കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്നാണ് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുക. സന്നിധാനം, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.

യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more