ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ച് പുന്നപ്ര പൊലീസ്. ആലപ്പുഴ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. തന്നെ മനഃപൂര്‍വം വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കും വിധം ആരോപണമുയര്‍ത്തി എന്നും ചൂണ്ടികാട്ടിയുള്ള ശോഭയുടെ പരാതിയിലാണ് നോട്ടീസ്. ഈ മാസം ഒന്‍പതിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
ദിവസങ്ങള്‍ക്ക് മുന്‍പ് ടി.ജി. നന്ദകുമാര്‍ ശോഭക്കെതിരെ രംഗത്തെത്തിയിരുന്നു. ശോഭ വലിയൊരു തട്ടിപ്പുകാരിയാണെന്നും തനിക്ക് തരാനുള്ള 10 ലക്ഷം രൂപ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തിരികെ തന്നില്ലെന്നുമായിരുന്നു ആരോപണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് 10 ലക്ഷം നല്‍കിയത്. എന്നാല്‍ രേഖകളില്‍ വ്യക്തതയില്ലാതെ വന്നപ്പോഴാണ് പണം തിരികെ ചോദിച്ചത് എന്നായിരുന്നു നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
‘ശോഭ അന്യായമായി കൈവശം വെച്ച ഭൂമിയാണ് വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. അത് വ്യക്തമായതോടെ ഇക്കാര്യം ശോഭയോട് ചോദിച്ചു. ശോഭ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ട് കത്ത് നല്‍കിയെങ്കിലും അതിന് മറുപടി നല്‍കിയില്ല,’ നന്ദകുമാര്‍ പറഞ്ഞു.
ശോഭാസുരേന്ദ്രന്‍ പാര്‍ട്ടി വിടാന്‍ ആലോചിച്ചിരുന്നതായും ടി.ജി.നന്ദകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. ശോഭ ബി.ജെ.പി വിട്ട് എല്‍.ഡി.എഫിലേക്ക് ചേരാന്‍ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥിയാകാനായിരുന്നു ആലോചന. എന്നാല്‍ ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇത് നടക്കാതെ വന്നതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയ്യാറാണെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
നിലവില്‍ നന്ദകുമാറിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ മനഃപൂര്‍വം പറയുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: Police notice to T.G Nandhakumar to appear for questioning