തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരസമിതിക്കെതിരെയും ഹിന്ദു ഐക്യവേദി നടത്തുന്ന മാര്‍ച്ചിന് പൊലീസ് നോട്ടീസ്. ബുധനാഴ്ച വൈകുന്നേരമാണ് മാര്‍ച്ച് നടത്താനിരുന്നത്.
മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘടനയായിരിക്കുമെന്ന് നോട്ടീസില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ അനുമതി തേടാതെ മാര്‍ച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദിയുടെ ശ്രമം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെച്ചേക്കാമെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.
വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.
ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെ പോകില്ലെന്നും, അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരേയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരേയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് സര്‍ക്കാരും, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപതയും വ്യക്തമാക്കിയിരിക്കുകയാണ്.
രാജ്യസ്‌നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടുത്ത സെപ്തംബറില്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പ്രഖ്യാപിച്ചു.
എന്നാല്‍, മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന ഫാ. ഡിക്രൂസിന്റെ പരാമര്‍ശം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.
രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകും അബ്ദുറഹിമാനേ. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങളില്‍ 124 മത്സ്യത്തൊഴിലാളികള്‍ക്ക് നിഷ്‌കരുണം അടിയേറ്റത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലെ ഏഴാംകൂലി മന്ത്രിമാരൊന്നും ഇവിടെ ഭരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഫാ. ഡിക്രൂസ് പറഞ്ഞത്.
ഫാ. ഡിക്രൂസിന്റെ വാക്കുകള്‍ വലിയ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിഴിഞ്ഞം സമരസമിതി പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമര്‍ശം മാത്രമാണെന്നാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമിതി പ്രതിനിധികള്‍ പറഞ്ഞിരുന്നു.