| Sunday, 24th April 2022, 11:47 am

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ല, മൊഴി രേഖപ്പെടുത്താന്‍ പോലും സമ്മതിച്ചില്ല; പൊലീസിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ പെണ്‍കുട്ടികള്‍. പ്രതി ഇബ്രാഹിം ഷബീര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ അസ്‌ന ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പെണ്‍കുട്ടികളുടെ പ്രതികരണം.

പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായി. താന്‍ പറഞ്ഞത് പൂര്‍ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

‘ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചത്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീര്‍പ്പിന് ആദ്യം ശ്രമിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു,’ അസ്‌ന പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചേര്‍ത്തത്. പൊലീസില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും നിങ്ങള്‍ നോക്കി ഓടിക്കണ്ടേ എന്നാണ് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേര്‍ത്തത്. നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമം നടക്കുന്നതെന്നും അസ്‌ന പറഞ്ഞു.

അപകടകരമായ രീതിയില്‍ ഡ്രൈവിങ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ ഈ മാസം 16നാണ് തിരൂരങ്ങാടി സ്വദേശി ഇബ്രാഹി ഷബീര്‍ കയ്യേറ്റം ചെയ്തത്. അഞ്ചോ ആറോ തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി അവിടെനിന്നും വേഗത്തില്‍ കടന്നു കളയുകയായിരുന്നു.

Content Highlights: Police not ready to take action against Muslim League leader in Panambra

We use cookies to give you the best possible experience. Learn more