ബെംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിക്കായി പൊലീസ് ബെംഗളുരുവില്‍ തിരച്ചില്‍ ആരംഭിച്ചു. കസ്റ്റഡിയിലുള്ള സഹോദരന്‍ അല്‍ അമീനുമായാണ് പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിലെത്തിയത്.
രണ്ട് ദിവസമായി തനിക്ക് ഖാസിമിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. നേരത്തെ ഖാസിമിയുടെ സഹോദരനായ അല്‍ അമീന്‍ അറസ്റ്റിലായിരുന്നു. കൊച്ചി ഷാഡോ പൊലീസാണ് അമീനെ പിടികൂടിയത്.
പെണ്‍കുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു. ഇമാമിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അല്‍ അമീന്‍ പൊലീസിന് മൊഴി നല്‍കി.തിരുവനന്തപുരം തോളിക്കോട് ജുമാ മസ്ജിദിലെ മുഖ്യ ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമി.
തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.അതേസമയം കേസില്‍ ഖാസിമി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
ഷഫീഖ് അല്‍ ഖാസിമി ലൈംഗികമായി ആക്രമിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷഫീഖ് അല്‍ ഖാസിമി ലൈംഗികാതിക്രമം നടത്തിയെന്ന് വ്യക്തമാക്കിയത്. അയാള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരുന്നു. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.