വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു
World
വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th October 2011, 12:52 pm

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിച്ചു. ഒരു മാസത്തോളമായി ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകരെ ശുചീകരണത്തിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം അധികൃതര്‍ അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. ഇത് തങ്ങളുടെ വിജയമാണെന്നും സംഘടിത ശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാവിലെ പാര്‍ക്കില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് പ്രക്ഷോഭകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, സമരക്കാര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ല. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്ക് ഒഴിപ്പിക്കാന്‍ നീക്കമുണ്ടായത്. ന്യൂയോര്‍ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗാണ് പദ്ധതിക്കു പിന്നിലെന്ന് പ്രക്ഷോഭകര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.

തങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്നത് വലിയ വിജയമാണെന്ന് “ലിബര്‍ട്ടി പ്ലാസ”യെന്ന് പുനര്‍നാമകരണം ചെയ്ത പാര്‍ക്കില്‍ പ്രക്ഷോഭകര്‍ ഒന്നടങ്കം പറഞ്ഞു. ബ്രൂക്ഫീല്‍ഡ് ഓഫിസ് പ്രോപര്‍ട്ടീസ് എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടേതാണ് പാര്‍ക്ക്. പാര്‍ക്ക് തീര്‍ത്തും വൃത്തിഹീനമായതിനാലാണ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബ്രൂക്ഫീല്‍ഡ്  വിശദീകരണം നല്‍കി.

വാള്‍സ്ട്രീറ്റിന്റെ കോര്‍പറേറ്റ് ദുരാഗ്രഹത്തിനും സര്‍ക്കാരിന്റെ സമ്പന്ന താല്‍പ്പര്യത്തിനുമെതിരായ പ്രക്ഷോഭം അമേരിക്കയില്‍ ആഞ്ഞടിക്കുകയാണ്. അമേരിക്കയിലെ എല്ലാ പ്രധാനപട്ടണങ്ങള്‍ക്കും പുറമെ മറ്റു രാജ്യങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നു കഴിഞ്ഞു. അമേരിക്ക മുന്‍ വൈസ്പ്രസിഡന്റ് അല്‍ഗോര്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കോര്‍പറേറ്റ് കമ്പനികളുടെ ആര്‍ത്തിക്കെതിരെ അമേരിക്കന്‍ ജനത തെരുവുകളിലിറങ്ങി പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചലച്ചിത്ര സംവിധായകന്‍ മൈക്കിള്‍ മൂര്‍ പ്രതികരിച്ചു.

അതേസമയം, സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ ജനനനിരക്കു കുറഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തു വന്ന പഠനം വ്യക്തമാക്കുന്നു. 2008 നും 2009 നും മധ്യ അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ 2.4 ശതമാനവും വെള്ളവര്‍ഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ 1.6 ശതമാനവും സ്പാനിഷ് സംസ്‌കാരമുള്ള സ്ത്രീകള്‍ക്കിടയില്‍ 5.9 ശതമാനവുമാണു ജനനനിരക്കിലെ കുറവെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സാമ്പത്തിക മാന്ദ്യവും ജനനനിരക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.