| Thursday, 19th April 2018, 6:03 pm

പൊലീസിലെ മോശം സ്വഭാവക്കാര്‍ക്ക് പരിശീലനം നല്‍കണം; എന്നിട്ടും മാറ്റമില്ലെങ്കില്‍ പിരിച്ചുവിടണം: ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോശം സ്വഭാവമുള്ള പൊലീസുകാരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും എന്നിട്ടും മാറ്റമില്ലെങ്കില്‍ പിരിച്ചു വിടണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന പൊലീസ് സേനയെക്കുറിച്ച് വിമര്‍ശനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ പ്രതികരണം.

പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബെഹ്‌റ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുറച്ചുപേരുടെ മോശം പെരുമാറ്റം പൊലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നു. മോശമായി പെരുമാറുന്ന പൊലീസുകാരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം നല്‍കിയിട്ടും മാറ്റമില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡി.ജി.പി പറഞ്ഞു.

പൊലീസുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഐ.ജിമാരും എസ്.പിമാരും പ്രത്യേക ശ്രദ്ധ നല്‍കണം എന്നും പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പൊലീസ് സ്റ്റേഷനിലെ പി.ആര്‍.ഒ സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡിജിപി പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍,എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഡിജിപിയുടെ നിര്‍ദേശങ്ങള്‍. നേരത്തെ സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ബെഹ്റ പറഞ്ഞിരുന്നു.

“അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.” അദ്ദേഹം പറഞ്ഞു. മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഹര്‍ത്താല്‍. ഇതിനു ചിലര്‍ മനഃപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനു ശ്രമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more