| Wednesday, 30th January 2019, 2:26 pm

സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടിക്ക് നീക്കം.

സെന്‍കുമാറിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്.

കോഴിക്കോടുള്ള പൊതുപ്രവര്‍ത്തകനാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.


രാഹുല്‍ ഗാന്ധി ലോകത്തിന്റെ നേതാവ് ; അദ്ദേഹത്തെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം; ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറും


ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

എന്നാല്‍ സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് തനിക്ക് അറിയില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന ഒരു കോടി രൂപയുടെ മാനനഷ്ട കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ മറുപടി നല്‍കിയിരുന്നു.

ചാരക്കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നതെന്നും സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും നമ്പി നാരായണന്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more