| Thursday, 20th June 2019, 9:01 am

ബിനോയി കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയേക്കും; ഹാജരായില്ലെങ്കില്‍ അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ലൈംഗിക ചൂഷണ പരാതിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

യുവതിയുടെ പരാതി അന്വേഷിക്കുന പൊലീസ് സംഘം ബുധനാഴ്ച കണ്ണൂരില്‍ എത്തി എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഓഷിവാര പൊലീസ് സ്‌റ്റേഷനിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ രണ്ട് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. തിരുവനന്തപുരം, കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങള്‍ എന്നിവ യുവതി പരാതിയില്‍ നല്‍കിയിരുന്നു.

ബിനോയിയുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്നും യുവതി അറിയിച്ചിരുന്നു.

കേസില്‍ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു.

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മില്‍ 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്.

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐ.ജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്.പി, ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more