കോഴിക്കോട്: ദളിത് ഹര്‍ത്താലിനെ തകര്‍ക്കാന്‍ പൊലീസിന്റെ വ്യാപക അറസ്റ്റ്. ഹര്‍ത്താലിന് നേതൃത്വം നല്‍കുന്ന സംഘടനയായ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്താണ് പൊലീസ് ഹര്‍ത്താലിനോട് പ്രതികരിച്ചത്. വടകരയിലും ആലപ്പുഴയിലും കൊച്ചിയിലുമായി സംസ്ഥാനത്താകെ 107 ഓളം പേരെയാണ് ഹര്‍ത്താലിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോത്രമഹാ സഭ കോര്‍ഡിനേറ്ററും ഭൂഅധികാര സംരക്ഷണ സമിതി ചെയര്‍മാനുമായി എം. ഗീതാനന്ദനെ ഹര്‍ത്താല്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കളെ തന്നെ അറസ്റ്റ് ചെയ്ത അസാധാരണ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. വാഹനങ്ങള്‍ തടഞ്ഞെന്ന് ആരോപിച്ചായിരുന്നു ഗീതാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും പ്രകോപനങ്ങളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഗീതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. ഗീതാനന്ദന്‍ ഉള്‍പ്പടെ ഏഴു പേരെയാണ് കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി ശങ്കര്‍, അഡ്വ. പി ജെ മാനുല്‍, വി.സി ജെന്നി, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങി ദളിത് , മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എറണാകുളത്ത് കസ്റ്റഡിയിലായത്.
വടകരയില്‍ മൂന്ന് പേരെ പൊലീസ് ഹര്‍ത്താലിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു. ശ്രേയസ് കണാരന്‍, സ്റ്റാലിന്‍ വടകര, ആര്‍.കെ ബാബു എന്നിവരാണ് വടകരയില്‍ കസ്റ്റഡിയിലായത്. ആലപ്പുഴയില്‍ വാഹനം തടഞ്ഞെന്ന പേരിലാണ് പൊലീസ് 11 ദളിത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പൊന്നാനിയില്‍ 7 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നേതാക്കളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തരം താണ നടപടിയെന്നാണ് രമേശ് ചെന്നിത്തല പൊലീസ് നടപടിയെ വിശേഷിപ്പിച്ചത്. “ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ഹര്‍ത്താല്‍ പൊളിക്കാനുള്ള പരിപാടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദളിത് വിഭാഗത്തിനെതിരെയുള്ള എല്ലാ അക്രമങ്ങളെയും സര്‍വ്വശക്തിയും ഉപയോഗിച്ച് തടയണം. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്.” – ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ദളിത് പീഡനമാണ് ഗീതാനന്ദന്റെ അറസ്റ്റ് എന്നാണ് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. കേരളത്തില്‍ പുതുമയുള്ള കാര്യമല്ല ഹര്‍ത്താല്‍. മറ്റുള്ളവര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ ദളിതര്‍ക്ക് അത് പാടില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ ദളിത് പീഡനമായിപ്പോയി. അദ്ദേഹം പറഞ്ഞു.
ദളിത് ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ വ്യാപകമായി നടത്തിയ അറസ്റ്റുകളില്‍ പ്രതിഷേധിക്കാന്‍ മീന കന്ദസ്വാമി, ജെ.ദേവിക., കെ.കെ രമ., ബി.ആര്‍.ബി ഭാസ്‌കര്‍,തുടങ്ങിയവരും ആഹ്വാനം ചെയ്തിരുന്നു.
അതേ സമയം, ഇന്ന് നടന്ന ഹര്‍ത്താലിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഹര്‍ത്താലിന് പിന്തുണയുമായി രാഷ്ട്രീയരംഗത്തെയും മാധ്യമ-സാഹിത്യമേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, കേരള കോണ്‍ഗ്രസ്, കേരള ജനപക്ഷം തുടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളാണ് ഹര്‍ത്താലിന് അനുകൂലമായി രംഗത്ത് വന്നത്.
വീഡിയോ: ന്യൂസ്പോര്‍ട്ട്