| Thursday, 7th March 2019, 8:18 am

വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റു കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്ത് നടന്ന വെടിവെയ്പ്പിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. അതേസമയം കൊല്ലപ്പെട്ടത്  മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് സൂചന.

പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

Read Also : ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ ജാംനഗറില്‍ നിന്നും മത്സരിച്ചേക്കും

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.

നിലവില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ തുടരുകയാണ്.

We use cookies to give you the best possible experience. Learn more