വയര്‍ലെസ് സന്ദേശത്തിന് പിറകെ പോയ പൊലീസുകാരന്‍, മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആറ് മത്സ്യത്തൊഴിലാളികള്‍
രോഷ്‌നി രാജന്‍.എ

പൊലീസ്..പൊലീസ് ഞങ്ങളുടെ ബോട്ട് മുങ്ങിത്താഴാന്‍ പോകുന്നു, തിങ്കളാഴ്ച പുലര്‍ച്ചെ കസബ പൊലീസ് സ്റ്റേഷനിലെ വയര്‍ലെസ് സെറ്റിലേക്ക് വന്ന സന്ദേശം കേള്‍ക്കുന്നത് പാറാവ് ഡ്യൂട്ടിക്കുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഒഫീസര്‍ പവിത്രനാണ്. മുറിഞ്ഞ് മുറിഞ്ഞ് കേട്ട ശബ്ദത്തില്‍ നിന്നും പവിത്രന് കാര്യം മനസ്സിലായി. എവിടെയോ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നു. ഉടനെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചപ്പോള്‍ അവിടെ സന്ദേശം കിട്ടിയിട്ടില്ലെന്ന് അറിഞ്ഞു. എന്നാല്‍ ഒറ്റത്തവണ മാത്രം കേട്ട ആ സന്ദേശം എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാന്‍ പവിത്രന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ വയര്‍ലെസ് സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ വിളിച്ചപ്പോള്‍ അവിടെയും സന്ദേശം ലഭിച്ചിട്ടില്ല.

ഒടുക്കം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ കാര്യം അറിയിച്ചു പവിത്രന്‍. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥര്‍ കോസ്റ്റ് ഗാര്‍ഡിനെയും മത്സ്യത്തൊഴിലാളികളെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറ് മത്സ്യത്തൊഴിലാളികളുള്ള ഒരു ബോട്ട് മുങ്ങിത്താഴാന്‍ പോവുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് വേഗത്തിലെത്തിയ മറ്റ് ഫിഷിങ്ങ് ബോട്ടിലുള്ളവരാണ് ആറു മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചത്.

സേവ്യര്‍ എന്നയാളുടെ പ്രാഞ്ച് സേവ്യര്‍ എന്ന പേരുള്ള ബോട്ടാണ് പലകയിളകി വെള്ളം കയറി അപകടത്തില്‍പ്പെട്ടത്. വയര്‍ലെസ് സന്ദേശത്തെ പിന്തുടര്‍ന്നതിനാല്‍ മരണത്തില്‍ നിന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുന്നതിനാണ് താന്‍ കാരണമായിരിക്കുന്നതെന്ന് പിന്നീടാണ് പവിത്രന്‍ അറിയുന്നത്.

സാധാരണയായി അതത് പൊലീസ്റ്റേഷനിലേക്ക് വരുന്ന സന്ദേശങ്ങള്‍ക്ക് മാത്രമാണ് പൊസീലുകാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ ഇവിടെ തന്റെ മേഖലയല്ലാതിരുന്നിട്ടും പവിത്രന്‍ സ്റ്റേഷനിലേക്ക് വന്ന ആ അപകട സന്ദേശത്തിന്റെ പുറകെ പോവുകയായിരുന്നു.
കയ്യിലുള്ള വാക്കിടോക്കിയില്‍ എവിയെടോ അമര്‍ത്തി രക്ഷിക്കണമെന്ന് പറയുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സേവ്യര്‍ പറയുന്നു. ഏതൊരു പൊലീസുകാരനും ചെയ്യേണ്ട കടമയാണ് താന്‍ ചെയ്തതെന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടതിലാണ് സന്തോഷമെന്നും പവിത്രന്‍ പറയുന്നു.

അകടത്തില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന പരാതി അവര്‍ക്ക് വയര്‍ലെസ്സ് മൊബൈല്‍ സംവിധാനം ഇല്ല എന്നതാണ്. സര്‍ക്കാര്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി മൊബൈല്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.