ഗുവാഹത്തി: അസമിലെ നല്‍ബരി ജില്ലയില്‍ ഗോഗ്രാപര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മര്‍ദിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 17 വയസുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് ഇന്‍സ്‌പെക്ടര്‍ ബിമന്‍ റോയിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തില്‍ വ്യാഴാഴ്ച ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടിയെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ശൈശവ വിവാഹ കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 21ന് പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലോക്കപ്പിനുള്ളില്‍ ഇയാള്‍ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നും മര്‍ദിച്ചെന്നും പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോക്സോ നിയമം അനുസരിച്ചുള്ള ഐ.പി.സി വകുപ്പുകള്‍ പ്രകാരം ബിമന്‍ റോയിക്കെതിരെ നല്‍ബരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം പെണ്‍കുട്ടിയെ രാത്രി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസതിയിലേക്ക് അയക്കുന്നതിന് പകരം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് നല്‍ബരി പൊലീസ് സൂപ്രണ്ടും സമ്മതിച്ചു.
അസം ഡി.ജി.പി ജി.പി. സിങ്ങാണ് ബിമന്‍ റോയിയെ പുറത്താക്കിയെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അസമിലെ ഡി.ജി.പി, പൊലീസ് സേനയുടെ മേധാവി എന്ന നിലയില്‍ നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഇന്‍സ്‌പെക്ടര്‍ ബിമന്‍ റോയിയെ അസം പൊലീസില്‍ നിന്ന് പുറത്താക്കുന്നു.
പൊലീസ് സ്റ്റേഷന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ക്ഷേത്രമാണെന്നും പൗരന്മാര്‍ക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണെന്നുമാണ് ഹൈദരാബാദ് എസ്.വി.പി നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഞങ്ങള്‍ പഠിച്ചത്. എന്നാല്‍ ഈ സംഭവങ്ങളില്‍ നിരാശയും വേദനയുമുണ്ട്.
ഇത് എല്ലാ അസം പൊലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പായും ഉപദേശമായും എടുക്കണം. പൊലീസ് സ്റ്റേഷനുകളുടെ വിശുദ്ധി നിലനിര്‍ത്തുകയും സ്റ്റേഷനുകള്‍ നമ്മുടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലമായി തുടരുന്നുവെന്നും ഉറപ്പാക്കണം,’ സിങ് പറഞ്ഞു.
content highlights: police man beaten and take picture; asam cop dismissed