ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന അതിക്രമത്തെ ന്യായീകരിക്കാന്‍ പൊലീസ് വ്യാജ തെളിവുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. വെടിവെപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പൊലീസ് കലക്ട്രേറ്റ് ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സമരക്കാര്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
സമരക്കാര്‍ കലക്ട്രേറ്റ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത് എന്ന് പൊലീസ് പറയുന്നു. സമരക്കാര്‍ കലക്ട്രേറ്റിലേയ്ക്ക് ഇരച്ചുകയറി വാഹനങ്ങള്‍ കത്തിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു എന്നാണ് പൊലീസ് വാദം. ഇതിനെ ന്യായീകരിക്കാന്‍ കലക്ട്രേറ്റ് ജീവനക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച ജോലിക്കെത്തിയ കലക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഓരോ ഫോം ലഭിച്ചു. വ്യക്തിവിവരങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, വെടിവെപ്പു നടന്ന മെയ് 22ന് എവിടെയായിരുന്നു ഡ്യൂട്ടി, എവിടെയാണ് പരിക്കുപറ്റിയത്, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്, എന്തൊക്കെ വസ്തുവകകളാണ് നഷ്ടപ്പെട്ടത് എന്നുള്ളതായിരുന്നു ഫോമിലെ ചോദ്യങ്ങള്‍.
ഇതിനു മറുപടി കൊടുക്കാന്‍ തൂത്തുകുടി പൊലീസ് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു ഫോം വിതരണം ചെയ്തിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് കലക്ടര്‍ക്ക് പരാതിനല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്നത് ജസ്റ്റിസ് അരുണ ജഗദീഷ് കമ്മീഷനും സി.ബി.സി.ഐ.ഡിയുമാണ് എന്നിരിക്കെ പൊലീസ് എന്തിനാണ് വിവരശേഖരണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.
മെയ് 22നാണ് പതിമൂന്ന് പേരുടെ കൊലയ്ക്ക് ഇടയാക്കിയ തൂത്തുക്കുടി വെടിവെപ്പു നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന ആരോപണം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ വളരെ ദൂരെനിന്ന് വാഹനങ്ങള്‍ക്ക് മുകളില്‍ കയറി പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.