| Saturday, 3rd August 2019, 9:18 am

ശ്രീറാംവെങ്കട്ട രാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാം സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായി. സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താന്‍ തയ്യാറാകാതിരുന്ന പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്‌സിയില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി പരിശോധന നടത്തുകയായിരുന്നു.

വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്തെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളയമ്പലത്തുവച്ച് എന്നെ ഓവര്‍ടേക്ക് ചെയ്താണ് കാര്‍ വന്നത്. അമിതവേഗത്തിലായിരുന്നു. ഇതിനിടെ കാര്‍ സ്‌കിഡായി ബൈക്കിലിടിക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമായിരുന്നു കാറിലുണ്ടായിരുന്നത്. പുരുഷനായിരുന്നു ഡ്രൈവിങ് സീറ്റില്‍. ഇയാള്‍ നല്ലരീതിയില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. വണ്ടി ഓടിച്ച ആള്‍ തന്നെയാണ് മരിച്ചയാളെ ബൈക്കിനിടയില്‍നിന്ന് പുറത്തെടുത്തത്. താന്‍ ഡോക്ടറാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്”- ഓട്ടോ ഡ്രൈവറായ ഷെഫീഖ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശ്രീറാമാണ് വാഹനമോടിച്ചതെന്നും മദ്യപിച്ചിരുന്നതായും മറ്റൊരു ഓട്ടോഡ്രൈവറായ മണിക്കുട്ടനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊലീസ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ കാറോടിച്ചതാരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more