| Sunday, 22nd April 2018, 1:38 pm

ലിഗയെ അന്വേഷിച്ച എന്നെ അവര്‍ മാനസിക രോഗിയാക്കി; അവള്‍ അവധി ആഘോഷിക്കാന്‍ പോയ ഭാവമായിരുന്നു പൊലീസിനെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാണാതായ വിദേശ വനിത ലിഗയ്ക്കായി അന്വേഷണം നടത്തുമ്പോള്‍ കേരള പൊലീസ് അനാസ്ഥ കാട്ടിയെന്നും തന്നെ മനോരോഗിയായി ചിത്രീകരിച്ചെന്നും ഭര്‍ത്താവ് ആന്‍ഡ്രൂസ്. വിദേശ റേഡിയോ ചാനലായ ആര്‍.ടി.ഇയില്‍ നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രൂസ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ലിഗയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടുകിട്ടുന്നതിന് മുന്‍പായിരുന്നു അഭിമുഖം.

പരാതിയുമായി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ലിഗ എവിടേക്കോ വിനോദയാത്ര പോയ മനോഭാവമായിരുന്നു പൊലീസിന്. രണ്ടാഴ്ച വേണ്ടിവന്നു അവര്‍ക്ക് സംഭവത്തിന്റെ ഗൗരവം മനസിലാകാന്‍. പൊലീസുകാര്‍ എല്ലാം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല എന്ന് മനസിലായത്. ആന്‍ഡ്രൂസ് പറഞ്ഞു.

ലിഗ

രണ്ടാഴ്ചക്ക് ശേഷമാണ് പൊലീസ് ലിഗയെ അന്വേഷിച്ച് സി.സി.ടി.വി പരിശോധിച്ച് തുടങ്ങിയത്. അതുതന്നെ ലിത്വാനിയയുടെയും അയര്‍ലന്റിന്റെയും എംബസികളുടെ സമ്മര്‍ദ്ദം കാരണം. 300 പൊലീസുകാരെ ഈ കേസിനായി വിനിയോഗിക്കുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ അത് സത്യമായിരുന്നില്ല. അവര്‍ അപ്പൊ അന്വേഷിക്കാന്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നും ആന്‍ഡ്രൂസ് ആരോപിച്ചു.

ഒരു ഹോട്ടലില്‍ വച്ചുണ്ടായ സംഭവമാണ് താന്‍ തിരിച്ചു വരാന്‍ നിര്‍ബന്ധിതനായതെന്നും ആന്‍ഡ്രൂസ് പറയുന്നു. ലിഗ ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്‍ഡ്രൂസ് അവിടെ എത്തിയത്. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് അയാളുമായി വാക്കേറ്റമുണ്ടായി. പൊലീസ് വന്നതോടെ തന്നെ അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആന്‍ഡ്രൂസ് റേഡിയോയില്‍ പറഞ്ഞു. പൊലീസിനെ വിമര്‍ശിക്കുകയല്ല, അവര്‍ക്ക് പാളിച്ചപറ്റിയെന്ന് ചൂണ്ടിക്കാണിക്കുകയാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിഗ

“മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് അവര്‍ തന്നെ നിര്‍ബന്ധിത വൈദ്യചികിത്സക്ക് വിധേയനാക്കി. ആറുദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്റെ അറിവോ സമ്മതോ കൂടാതെ പല ടെസ്റ്റുകള്‍ക്കും വിധേയനാക്കി. ഫോണ്‍പിടിച്ചു വാങ്ങിയ പൊലീസ് എംബസിയിലേക്ക് വിളിക്കാന്‍ പോലും അനുവദിച്ചില്ല. വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍. തുടര്‍ന്ന് അയര്‍ലന്റിലേക്ക് തിരികെ പോരുകയായിരുന്നു.” – ആന്‍ഡ്രൂസ് പറഞ്ഞു.

എന്നാല്‍ പ്രദേശവാസികളായ ജനങ്ങള്‍ സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നെന്നും തങ്ങളുടെ വിഷമം അവര്‍ മനസിലാക്കിയിരുന്നെന്നും ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും ലിഗയുടെ ഫോട്ടോയോ ബന്ധപ്പെടാനുള്ള വിവരങ്ങളോ നല്‍കാതെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആന്‍ഡ്രൂസ് പറഞ്ഞു.


Read | ഒന്നോ രണ്ടോ ബലാത്സംഗക്കേസുകളെ വലിയകാര്യമാക്കേണ്ടതില്ല; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി


ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് നിന്ന് കണ്ടെത്തിയിരുന്നു. വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലുത്വാനിയ സ്വദേശിയായ ലീഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലീഗയെ ഒരു മാസം മുന്‍പ് കാണാതായത്. കാണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതിന് ശേഷം ലീഗയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് സഹോദരി പറഞ്ഞത്.

ലീഗയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more