കോഴിക്കോട്: മാവോയിസ്‌റ്റെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ നദീറിനെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. പേരാവൂര്‍ സ്റ്റേഷനു മുന്നിലാണ് “ഇവര്‍ മാവോയിസ്റ്റുകള്‍” എന്ന വലിയ ഫ്‌ല്കസില്‍ നദീറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തി ഇരിട്ടി പൊലീസ് സൂപ്രണ്ടിന്റെ പേരിലുള്ള ഫ്‌ലക്‌സ് കണ്ടതെന്ന് നദീര്‍ തന്റെ ഫേസ്്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ കേളകം പൊലീസ് സ്റ്റേഷനില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും നദീര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അറിയാത്ത വിഷയത്തിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ഇനിയും എന്തിനാണ് ഉപദ്രവിക്കുന്നതെന്നും നദീര്‍ ചോദിക്കുന്നു.
” ഇരിട്ടി ഡി.വൈ.എസ്.പിയ്ക്കു കീഴിലുള്ള എല്ലാ പൊലീസ് സ്റ്റേഷനിലും യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്.. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ… ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.”
ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന കേസിലാണ് ഇപ്പോള്‍ പൊലീസിന്റെ നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പൊലീസ് സ്റ്റേഷനില്‍ നദീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2016 മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശ വാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്. മാര്‍ച്ച് 16 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ നദീര്‍ കുറ്റാരോപിതരുടെ പട്ടികയിലുണ്ടായിരുന്നില്ല.
അറസ്റ്റ് വിവാദമായതോടെ നദീറിനെ വിട്ടയക്കുകയായിരുന്നു. നദീറിനെതിരെ തെളിവുകളൊന്നുമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്റ അന്ന് പറഞ്ഞിരുന്നു. കേസില്‍ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണമെന്ന് ഹൈക്കോടതി രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു.