| Wednesday, 13th February 2013, 9:30 am

പാലിയേക്കര സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്. ടോള്‍പ്ലാസ ഉപരോധത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ പോലീസ് മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. രാത്രി ഒമ്പതോടെ മാധ്യമപ്രവര്‍ത്തകര്‍ പോയതിന് ശേഷമാണ് പോലീസ് സമരക്കാര്‍ക്കുനേരെ അഴിഞ്ഞാടിയത്.[]

ചൊവ്വാഴ്ച വൈകുന്നേരം സമരം ഒരു വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് സംയുക്ത സമരസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടോള്‍പ്ലാസ ഉപരോധം ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. അഞ്ചരയോടെ പാലിയേക്കര സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ടോള്‍ പ്ലാസക്ക് ഏതാനും മീറ്ററുകള്‍ക്കകലെ പോലീസ് തടഞ്ഞു.

മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറുതായി ഉന്തും തള്ളും നടന്നു. തുടര്‍ന്ന് ബാരിക്കേടുകള്‍ തള്ളിമാറ്റി ടോള്‍ ബുത്തിന് അടുത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് തടയുകയായിരുന്നു. ഇതിനിടയില്‍ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും ടോളിനുമെതിരെ മുദ്രാവാക്യം മുഴക്കി ഹൈവേയില്‍ കുത്തിയിരുന്നു.

ഉദ്ഘാടനത്തിന് ശേഷം സമാധാനപരമായി ഉപരോധം നടത്തുകയായിരുന്ന സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതോടെ ചിതറിയോടിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സമരസമിതി കണ്‍വീനര്‍ പി.ജെ മോന്‍സി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിരിക്കേറ്റ സമരസമിതി പ്രവര്‍ത്തകര്‍ പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിയിലും ചാലക്കുടി ആശുപത്രിയിലുമായി ചികിത്സ തേടിയിരിക്കുകയാണ്. സമരസമിതി ജനറല്‍ കണ്‍വീനര്‍ പി.ജെ മോന്‍സിയും ചെയര്‍മാന്‍ സി.ജെ ജനാര്‍ദ്ദനനുമടക്കം നൂറോളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ചിതറിയോടിയ സമരക്കാര്‍ക്ക് നേരെ പോലീസ് നാല് റൗണ്ട് കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ടോള്‍പ്ലാസക്ക് സമീപമുണ്ടായിരുന്ന സമരക്കാരുടെ വാഹനങ്ങള്‍ പോലീസ് തല്ലിത്തകര്‍ത്തു. ദേശീയപാതയില്‍ മണിക്കുറുകളോളം പൊലീസ് അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇതുവഴി പോയ വാഹനങ്ങളില്‍ ഭൂരിഭാഗവും പൊലീസ് അടിച്ച് നശിപ്പിക്കുകയും യാത്രക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more