| Wednesday, 8th August 2018, 1:44 pm

കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്: രാജാജി ഹാളിനുമുമ്പില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈയിലെ രാജാജി ഹാളിനുമുമ്പില്‍ പൊലീസ് ലാത്തിച്ചാര്‍ജ്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ജനക്കൂട്ടത്തിനുനേരെയാണ് ലാത്തിച്ചാര്‍ജ്.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനം പാളിയതാണ് ഇത്തരമൊരു അവസ്ഥയ്ക്കു വഴിവെച്ചത്.

6000ത്തോളം പ്രവര്‍ത്തകരാണ് കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ രാജാജി ഹാളിനുമുമ്പിലെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.

Also Read:“ദ്രാവിഡ മണ്ണില്‍ ചാണകസംഘികളെ കാലുകുത്തിച്ചില്ല; അതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യം: കരുണാനിധിയെ അവഹേളിച്ച ടി.ജി മോഹന്‍ദാസിന് സോഷ്യല്‍മീഡിയയുടെ ചുട്ടമറുപടി

അതിനിടെ, കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജാജി ഹാളില്‍ എത്തിയിരുന്നു. രാവിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചശേഷം ഡി.എം.കെ നേതാവ് സ്റ്റാലിനോട് സംസാരിക്കുകയും ചെയ്താണ് മടങ്ങിയത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

നേരത്തെ, കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധി വന്നതിനു പിന്നാലെ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനു സമീപം അദ്ദേഹത്തെ സംസ്‌കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കരുണാനിധിയുടെ അന്ത്യാഭിലാഷമായിരുന്നു തന്നെ മറീന ബീച്ചില്‍ സംസ്‌കരിക്കണമെന്നത്. എന്നാല്‍ ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Also Read:മറീനയ്ക്കുവേണ്ടി വാദിക്കുന്നവര്‍ സ്‌റ്റൈര്‍ലൈറ്റ് പ്രക്ഷോഭകരെപ്പോലെ വായില്‍ മാലിന്യമുള്ളവര്‍; അവരെ അറസ്റ്റു ചെയ്യണം: വിദ്വേഷ പരാമര്‍ശവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ആര്‍.എസ്.എസ് താല്‍പര്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് ഡി.എം.കെ ആരോപിച്ചത്.

മദ്രാസ് ഹൈക്കോടതിയാണ് മറീനബീച്ചില്‍ കരുണാനിധിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി. രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

We use cookies to give you the best possible experience. Learn more