എഫ്.ടി.ഐ.ഐ വീണ്ടും യുദ്ധക്കളം; വിദ്യാര്‍ത്ഥികള്‍ക്ക് പോലിസ് മര്‍ദനം, സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി
Daily News
എഫ്.ടി.ഐ.ഐ വീണ്ടും യുദ്ധക്കളം; വിദ്യാര്‍ത്ഥികള്‍ക്ക് പോലിസ് മര്‍ദനം, സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th January 2016, 2:29 pm

പൂനെ: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം. 25ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ പൊലിസ് അറസ്റ്റ് ചെയത് കാമ്പസില്‍ നിന്ന് നീക്കി. വ്യാഴാഴ്ച എഫ്.ടി.ഐ.ഐ യുടെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. 2പെണ്‍കുട്ടികളെയും 23 ആണ്‍കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തത്.

പുരുഷപോലിസുകാരാണ് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നും തങ്ങള്‍ക്കെതിരെ നിയമലംഘനമാണ് നടക്കുന്നതെന്നും പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനി ഷിനി.ജെ.കെ പറഞ്ഞു.

ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ നേരിടാന്‍ ഒരു വലിയ പോലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പൊലിസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ബി.ജെ.പി അംഗവും സിരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാന്‍ 2015 ജൂണ്‍ 9ന് ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിതനാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും സമരപരിപാടികളും കാമ്പസിലും പുറത്തും അരങ്ങേറി. ചൗഹാന്റെ യോഗ്യതയെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. 139 ദിവസത്തിനുശേഷം അവര്‍ സമരം അവസാനിപ്പിച്ചു.

ബി.ആര്‍ ചോപ്രയുടെ “മഹാഭാരതം” പരമ്പരയില്‍ യുധിഷ്ഠിരന്റെ വേഷം ചെയ്തതിലൂടെയാണ് ചൗഹാന്‍ ശ്രദ്ധേയനായത്. ചില സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.