| Sunday, 11th February 2018, 7:00 pm

നേഴ്സുമാരുടെ സമരത്തിനു നേരെ പൊലീസ് അതിക്രമം; ലാത്തി വീശി സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്. പെണ്‍കുട്ടികളെയടക്കം തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഞ്ചു മാസത്തിലധികമായി കെ.വി.എം ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം നടത്തിവരികയായിരുന്നു. ശമ്പള വര്‍ധനവ്, ജോലിക്രമീകരണവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.

ആശുപത്രി മാനേജ്‌മെന്റ്  ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതോടെ നഴ്‌സുമാര്‍ സമരം തുടരുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയിലും സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ ആശുപത്രിക്ക് മുന്നില്‍ നിരാഹാരവും ആരംഭിക്കുകയുണ്ടായി.

2013ലെ ശമ്പള വര്‍ധനവ് പോലും ലഭിക്കാതിരുന്നതിനെതിരെ നഴ്സുമാര്‍ കോടതിയെ സമീപിച്ചിരുന്നു. പിഴയടക്കം മൂന്നരക്കോടി രൂപ നഴ്സുമാര്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ സമരം ചെയ്യുന്ന 110 നഴ്സുമാരെ തിരികെയെടുക്കേണ്ടി വന്നാല്‍ അവര്‍ക്ക് ഈ പണം നല്‍കേണ്ടതിനാല്‍ സമരക്കാരെ ആരെയും ആശുപത്രിയില്‍ തിരികെയെടുക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് യോഗത്തില്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more