| Monday, 2nd July 2012, 12:42 am

പോലീസുകാരനെ കുത്തിക്കൊന്ന സംഭവം: ആയുധങ്ങള്‍ കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലം പാരിപ്പിള്ളിയില്‍ പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരത്ത് പ്രശാന്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

പോലീസുകാരനെ കുത്തിയത് ആട് ആന്റണിയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്റണിയുടെ അയല്‍വാസികള്‍ സംശയം തോന്നി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.

റെയ്ഡില്‍ രക്തം പുരണ്ട വസത്രങ്ങളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം ആന്റണി തമിഴ്‌നാട്ടിലേക്ക് കടന്നെന്ന സൂചന പോലീസിന് ലഭിച്ചെങ്കിലും പിന്നീട് നടത്തിയ തിരച്ചിലില്‍ ഇയാളെ കണ്ടെത്താനായില്ല. കുണ്ടറ കുമ്പളം സ്വദേശിയായ ആന്റണി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ആട് ആന്റണി

പാരിപ്പള്ളയിലെ കമ്പ്യൂട്ടര്‍ സ്ഥാപനം മോഷണം നടത്താന്‍ പോകവെ വാഹനപരിശോധന നടത്തിയ പോലീസുകാരനായ മണിയന്‍ പിള്ളയെയാണ് ആന്റണി കഴിഞ്ഞ ദിവസം കുത്തി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എസ്.ഐ ചെങ്കളം സ്വദേശി ജോയിക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more