വാഹന പരിശോധനയ്ക്കിടെ പോലീസുകാരന്‍ കുത്തേറ്റു മരിച്ചു
Kerala
വാഹന പരിശോധനയ്ക്കിടെ പോലീസുകാരന്‍ കുത്തേറ്റു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th June 2012, 8:11 am

കൊല്ലം: രാത്രികാല വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്‍ കുത്തേറ്റ് മരിച്ചു. എ.എസ്.ഐക്ക് ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി സ്‌റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ സ്വദേശി മണിയന്‍പിള്ള (47) ആണ് മരിച്ചത്. എ.എസ്.ഐ ചെങ്കളം സ്വദേശി ജോയിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മോഷണസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം വേളമാനൂരില്‍ മോഷണം നടന്നിരുന്നു. തുടര്‍ന്നാണ് രാത്രികാല പരിശോധന കര്‍ശനമാക്കിയത്. രണ്ടു സംഘമാണു പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

വേളമാനൂരിലെ പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ്  സംശയാസ്പദമായ സാഹചര്യത്തില്‍ കുളമട ജംക്ഷനില്‍ മാരുതി വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ രേഖകളില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ ജോയി ഇവരെ കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചു. എന്നാല്‍ വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റുന്നതിനിടെ അക്രമാസക്തരായ സംഘം എ.എസ്.ഐയെ കുത്തുകയായിരുന്നു. ഇത് തടയാനെത്തിയ മണിയന്‍ പിള്ളേയേയും കുത്തിവീഴ്ത്തി പ്രതികള്‍ വാഹനവുമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പൊലീസുകാരെ ചാത്തന്നൂരിലുള്ള ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചിരുന്നു.

അക്രമിസംഘത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും അവര്‍ കാര്‍ ഉപേക്ഷിച്ചു രക്ഷപെട്ടു. കാര്‍ പിന്നീട് വര്‍ക്കലയില്‍ നിന്നു കണ്ടെടുത്തു. വാനിലുണ്ടായിരുന്നവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് സംശയമുണ്ട്. വാനിന്റെ നമ്പര്‍ വ്യാജമാണ്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മണിയന്‍പിള്ളയുടെ മൃതദേഹം പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലും പിന്നീട് വീട്ടിലും പൊതു ദര്‍ശനത്തിനും വെയ്ക്കും.  ആക്രമിച്ച പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇതിനായി അന്വേഷണ സംഘം തമിഴ് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.